
ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിനു തുടക്കമായി. ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവോത്മുഖമായ ഉയർച്ചയെന്ന ആശയം പ്രചരിപ്പിച്ച് കൊണ്ട് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. സാമൂഹിക പുരോഗതിയ്ക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന പ്രമേയത്തെ ആസ്പദമാക്കി 2025 നവംബർ 25 മുതൽ ഡിസംബർ 3 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിളംബരജാഥയോടു കൂടി ഉപജില്ലാതല പരിപാടികൾക്ക് തുടക്കമായി. ഭിന്നശേഷി വിദ്യാർത്ഥിയായ കാർത്തിക്കിന്റെ ഭവനത്തിൽ നിന്നും ആരംഭിച്ച വിളംബരജാഥ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പ്രവീൺ വി നായർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, സ്പെഷ്യൽ എജ്യൂക്കേറ്റർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ തുടങ്ങിയവർ അണിനിരന്ന വിളംബരജാഥ പുലിയൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ വഴി ബി ആർ സി യിൽ സമാപിച്ചു. സ്കൂൾ തലത്തിൽ പോസ്റ്റർ രചന, ചിത്രരചനാ മത്സരങ്ങൾ, ഭിന്നശേഷി സൗഹൃദ അസംബ്ലി എന്നിവയും ഉപജില്ലാ തലത്തിൽ സൈക്കിൾ റാലി, രചനാമത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കിടപ്പിലായ കുട്ടികൾ, ഓട്ടിസം സെന്ററിൽ പരിശീലനം നേടുന്ന കുട്ടികൾ എന്നിവരെയും ഉൾപ്പെടുത്തിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.











